ഇ.എം.എസ് ഭവന പദ്ധതി
സംസ്ഥാനത്തെ പാവപ്പെട്ടവരുടെ പാര്‍പ്പിട പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഭവന പദ്ധതിയാണ് ഇ.എം.എസ് ഭവന പദ്ധതി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാ ഭൂരഹിത കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കുവാന്‍ സ്ഥലം നല്കല് , ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ഭവന രഹിത കുടുംബങ്ങള്‍ക്കും വീട് നല്കല് എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ . മുന്‍ കേരള മുഖ്യമന്ത്രി ഇ.എം.എസിന്റെ 10ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് തൃശ്ശൂര്‍ കൊടകരയില്‍ വച്ചു നടന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന് പദ്ധതി ഉദ്ഘാടനം ചെയ്തു. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കിയ ബി.പി.എല്‍ ലിസ്റ്റില്‍ പെടുന്ന ഭവന രഹിതര്‍ , ഭൂരഹിത-ഭവന രഹിതര്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹത. പട്ടികജാതിക്കാര്‍ , പട്ടികവര്‍ഗ്ഗക്കാര്‍ , ആശ്രയ ഗുണഭോക്താക്കള്‍ , പരമ്പരാഗത മത്സ്യതൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ട ഭവന രഹിത കുടുംബങ്ങളും ഭൂരഹിത-ഭവനരഹിത കുടുംബങ്ങളും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവര്‍ക്ക് ഇ.എം.എസ് ഭവന പരിപാടിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷിക്കാന്‍ അവസരം ലഭ്യമാകുന്നതാണ്.
|
|