Local Self Government Dept, Govt. of Kerala
 
 
 
Kerala Govt Logo
 
 
Home
 
 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (എസ്.ഇ.സി.)

ഇന്ത്യന്‍‌ ഭരണഘടനയുടെ 243(കെ) അനുച്ഛേദപ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനായി രൂപവല്‍ക്കരിച്ച സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ . പഞ്ചായത്ത് രാജ്–മുനിസിപ്പാലിറ്റി നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുപുറമേ അംഗങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ആകസ്മിക ഒഴിവുകള്‍ നികത്താനുള്ള തിരഞ്ഞെടുപ്പും കമ്മീഷനാണ് നടത്തുന്നത്. ഭരണഘടനാപരമായ ചുമതലകള്‍ക്കുപുറമെ തദ്ദേശ ഭരണ നിയമങ്ങള്‍ പ്രകാരം കമ്മീഷന് നല്‍കപ്പെട്ട അധികാരങ്ങള്‍ വിനിയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ – ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ , ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. അദ്ധ്യക്ഷന്‍മാര്‍ക്കും ഉപാദ്ധ്യക്ഷന്‍മാര്‍ക്കുമെതിരെയുള്ള അവിശ്വാസപ്രമേയ ചര്‍ച്ച സംബന്ധിച്ച നടപടികളും കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ് നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കണക്കുകള്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് യഥാസമയം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് അധികാരമുണ്ട്. അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളിലും കൂറുമാറ്റ നിരോധന നിയമപ്രകാരം കമ്മീഷന്‍ മുമ്പാകെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളിലും തീരുമാനമെടുക്കുന്നതിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരസ്ഥാനമായും കമ്മീഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.

വെബ്സൈറ്റ് www.sec.kerala.gov.in

Untitled Document
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission, Network Services by State e-Governance Data Centre